ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും യാത്രാവിവരണം
തീവണ്ടിയെന്നാൽ എനിക്ക് തീവണ്ടിപ്പാളത്തിന്റെ നീളത്തേക്കാൾ ഇഷ്ടമാണ്. അതിലിരുന്ന് ഒരുപാട് ദൂരേയ്ക്കൊന്നും ഒഴുകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒഴുകിയതത്രയും ഓർമയിൽ എപ്പോളും തികട്ടുന്നവയാണ്.
പ്രത്യേകിച്ച് ഈ പ്രവാസ ജീവിതത്തിൽ എന്നിൽ ഏറ്റവും ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും മുന്നിൽ തന്നെ സ്ഥാനംപിടിച്ചുനിൽപ്പുണ്ട്. ഒരിക്കൽ അതിലിരുന്ന് നല്ലൊരു ദൂരേക്ക് ഒഴുകണം.അതിന്റെ
ബോഗികൾ പോലെ അടുക്കിവെക്കാൻ ഒരുപാട് അനുഭവകഥകൾ സമ്പാദിക്കണം.
അതവിടെ നിൽക്കട്ടെ. ഇന്ന് കാരണമൊന്നുംതന്നെയില്ലാതെ മനസിനെ സൈഡ്സീറ്റിലിരുത്തി അഴികൾക്കിടയിലൂടെ കാഴ്ചകൾ കണ്ട് വെറുതേ ഒന്നുകൂടൊരു യാത്രപോയി. പിന്നിട്ട കാലത്തിലെ അന്നത്തെ അതേ യാത്ര..
അപ്പോൾ അന്ന് നടന്നൊരു ചമ്മലിന്റെ കഥകണ്ടു. തൽകാലം നമുക്ക് ഇവിടെ ഇറങ്ങാം. ഇത് പയ്യന്നൂർ സ്റ്റേഷനാണ്.. ഇവിടെയാണ് കഥ നടക്കുന്നത്.
ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും യാത്രാവിവരണം
എനിക്ക് കിട്ടീട്ടുള്ള എട്ടിന്റെ പണികളും,എന്തിനു പട്ടീന്റെ കടിവരെ നിങ്ങളോട് ഞാൻ മുമ്പത്തെ കഥകളിലൊക്കെ പറഞ്ഞിട്ടുണ്ട്. എന്തായാലും ഈ കഥയിലെ നായകൻ ഞാനല്ല. അതുകൊണ്ട് തൽക്കാലം ആളിന്റെ പേര് ഞാൻ പറയുന്നില്ല.
അമ്മാവന്റെ വീട്ടിൽനിന്നും എന്റെ നീലേശ്വരത്തേക്ക് തിരികെവരാൻ ഞാൻ വണ്ടിയും കാത്ത് പയ്യന്നൂർ സ്റ്റേഷനിൽ നിൽക്കുകയാണ്. വണ്ടിവരാനൊരു പത്തിരുപത്തഞ്ച് മിനുട്ടോളം പിന്നെയുമുണ്ട്. അപ്പോളാണ് പെട്ടന്ന് ഒരാൾ എന്റെ പേരുവിളിക്കുന്നത്.
“എടാ നീ ഏടപ്പോയത് ?”
“ഞാൻ മാമന്റെ വീട്ടില്..”
“നീ പോയതാ ? പോയിറ്റ് വരുന്നതാ ?”
“ഞാൻ പോയ്റ്റ് വെരുന്നത്.. നിങ്ങ എങ്ങോട്ട് പോന്ന് ?”
“ഞാൻ ചെന്നൈക്ക് ഡാ..”
എന്റെ ചോദ്യത്തിന് ആള് മറുപടി തന്നു.
മൂപ്പര് ചെന്നൈക്ക് പോവുകയാണ്. കുറച്ച് കൊല്ലങ്ങൾക്ക് ശേഷം കാണുന്നതാണ് ഞങ്ങൾ. അപ്പോൾ അതിന്റെതായ ആവേശം സംസാരത്തിൽ ഉണ്ടാവുമല്ലോ.
എന്തായാലും ആളിന്റെ വണ്ടി വരാറായി. എനിക്ക് കേറേണ്ടത് പാലം കടന്ന് അപ്പുറം പ്ലാറ്റ്ഫോമിൽന്നാണ്. സംസാരം തുടരുന്നതിനിടയിൽ വണ്ടി വരുന്ന കൂവൽ കേട്ടു..
“ന്നാ ശെരിമോനെ.. ഇനി എപ്പോ എങ്കിലും കാണാ.. ഞാൻ ലേശം മുന്നോട്ടു നിക്കാ.. മുമ്പിലെ ബോഗീല് തെരക്കിണ്ടാവൂല..”
എന്നെ മുറുക്കെ ഒന്ന് കെട്ടിപിടിച്ച് പുറത്ത് രണ്ട് അടിയും അടിച്ച് മുന്നോട്ട് ഓടി.. ദൂരെന്ന് ഒഴുകിവരുന്ന വണ്ടിയേയും എന്നെയും ഒന്നുകൂടെ തിരിഞ്ഞുനോക്കി ‘വണ്ടിത്തല’ നിൽക്കാൻ സാധ്യതയുള്ള ദൂരത്തേക്ക് ഓടിപോയി. ഓടുന്ന ഓട്ടത്തിൽ തിരിഞ്ഞ് ഉഗ്രനൊരു റ്റാറ്റയും തന്നു.
വണ്ടി അടുത്തെത്താറായി.. ഞെട്ടിക്കുന്ന ആ സത്യം മനസിലാക്കിച്ച് എന്നെയും കടന്ന് പോയി.. ഞാൻ നോക്ക്യപ്പോ വണ്ടിക്ക് തലമാത്രം.
മംഗലാപുരത്തേക്കോ മറ്റൊ കൊണ്ടുപോവുന്ന എഞ്ചിനാണ്.
മുന്നിലെ ബോഗീൽ കേറാൻ മുന്നോട്ടോടിയവനെ നോക്കി ആക്കിയൊരു കൂവൽകൂടെ കൂവി അറുത്തുമാറ്റിയ തല അങ്ങനെ കുതിച്ചുപോയി. പ്ലാറ്റ്ഫോമിലെ ആരൊക്കെയോ ആളെ നോക്കി ചിരിക്കുന്നുണ്ട്.
എനിക്ക് ചിരീം വന്നു,ബേജാറും വന്നു. ഞാൻ കൈപൊക്കി കാണിച്ചപ്പോ ‘ഹിറ്റ്ലറിലെ ജഗതീഷേട്ടൻ കാണിച്ചവിധം ‘ തിരിച്ചു എന്തൊക്കെയോ ആംഗ്യം കാണിക്കുന്നു.
ഞാൻ പാലം കയറി അപ്പുറം പോയി. ഏതായാലും എന്റെ വണ്ടിവന്നു. ഉള്ളിൽ കേറി ഇപ്പുറത്തെ വാതിലിൽ കൂടെ ആളെ നോക്കിയപ്പോൾ അങ്ങ് ദൂരെ വെയിലത്ത് ഒണങ്ങാനിട്ട കൊപ്രപോലെ അങ്ങനെ നില്ക്കുന്നു.. അതും നോക്കി ഞാനും വണ്ടിയും മെല്ലെ നീങ്ങി… ഉണ്ണ്യേട്ടൻ പസ്റ്റ്….ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും യാത്രാവിവരണം
🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃…☁️☁️
✒പ്രേം ബിരിക്കുളം
Prem Birikkulam
Vadakkan Diaries YouTube
Blogger Youtuber Facebook